കണിച്ചാർ: കണിച്ചാർ-ആറളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അണുങ്ങോട് ഇരുമ്പുപാലം ആറളം, കണിച്ചാർ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. പരിപാലനമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന ഈപാലം ദിവസേന നിരവധിയാളുകൾ ഉപയോഗിക്കുന്നതുകൊണ്ട് വലിയ അപകടത്തിന് സാധ്യത ഉയർത്തിയിരുന്നു.
പാലത്തിന്റെ ഇരുമ്പ് ഘടന മുഴുവനും തുരുമ്പ് പിടിച്ച് ദുർബലമായ നിലയിലാണ്. പല ഭാഗങ്ങളിലും ഇരുമ്പ് പ്ലേറ്റുകൾ അഴിഞ്ഞു പോകുകയും തറ ഭാഗങ്ങളിൽ പൊട്ടലുകളും കുഴികളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കൈപ്പിടികളും സുരക്ഷാ റെയിലിംഗുകളും പല ഭാഗങ്ങളിൽ തകർന്ന നിലയിലാണ്.
ആറളം, കണിച്ചാർ പഞ്ചായത്തുകളുടെ ആസ്ഥിയിൽ ഉൾപ്പെടാത്തതുകൊണ്ട് സംയുക്ത ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ല എന്നും എസ്ടി ഡിപ്പാർട്ട്മെന്റിന്റെ ഫണ്ട് വകയിരുത്തി പാലം നവീകരിക്കുന്നതിന് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ എന്നിവർ പറഞ്ഞു.
ജില്ല പഞ്ചായത്തംഗം ജെയ്സൺ കാരക്കാട്ട്, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, ആറളം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, പഞ്ചായത്തംഗങ്ങളായ റെഹ്യാനത്ത് സുബി, ഷീബ തോമസ്, അരവിന്ദൻ ആക്കിനിശേരി എന്നിവരും അധികൃതരോടൊപ്പം ഉണ്ടായിരുന്നു.